ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

           കോട്ടത്തറ ഗ്രാമത്തിന് ഈ പേര് എങ്ങിനെ വന്നു എന്നതിനെപ്പറ്റി പല ഐതിഹ്യങ്ങളുമുണ്ട്. കുറുമ്പാലക്കോട്ട കേന്ദ്രീകരിച്ചുണ്ടായ പേരാണ് കോട്ടത്തറ. കോട്ടയം രാജാവായിരുന്ന കേരളവര്‍മ്മ പഴശ്ശിയുടെ അധീനതയിലായിരുന്ന വയനാട് പിടിച്ചടക്കാന്‍ വേണ്ടി ബ്രീട്ടിഷ് കമ്പനിസൈന്യം പഴശ്ശിയുമായി യൂദ്ധം ആരംഭിച്ചു. വയനാട് കൈവിട്ടുപോകാതിരിക്കാന്‍ പഴശ്ശിസൈന്യം ഒളിപ്പോരാട്ടത്തിലൂടെ ബ്രിട്ടീഷുകാരെ നേരിടുന്നതിന് വയനാട്ടിലെ പലകേന്ദ്രങ്ങളിലും ഒളിത്താവളങ്ങളുണ്ടാക്കി. ആ കേന്ദ്രങ്ങളില്‍ ഒന്ന് കുറുമ്പാലക്കുന്ന് ആയിരുന്നുവെന്ന് എന്ന് ചരിത്രരേഖകള്‍ സൂചനനല്‍കുന്നു. ഈ കോട്ട കേന്ദ്രീകരിച്ചു ശക്തമായ പോരാട്ടം നടന്നിരുന്നു. കോട്ടയുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന പടവെട്ടി എന്ന സ്ഥലം ഈ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ചതായി തെളിവുകളുണ്ട്. പഴശ്ശിയുടെ മരണത്തിനുശേഷം ഈ ഒളിത്താവളങ്ങളില്‍ താമസിച്ചിരുന്ന സൈന്യവും താവഴിക്കാരും തെക്കുംതറ, കുപ്പാടിത്തറ, പടിഞ്ഞാറതറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് താമസം മാറ്റി. ഇവിടങ്ങളില്‍ പിന്നീട് ഇവര്‍ ദേവാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ചു. വയനാട്ടിലെ ആദിമനിവാസികളില്‍ ചില വിഭാഗങ്ങളായ വയനാടന്‍ പുലയര്‍, ഊരാളിക്കുറുമര്‍, പണിയര്‍, നായ്ക്കര്‍ എന്നിവര്‍ കോട്ടത്തറയില്‍ പണ്ടുമുതലേ ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. പ്രാചീനകാലത്ത് വയനാട് വാണിരുന്ന വേടരാജാവിന്റെ പിന്‍മുറക്കാരാണ് വയനാടന്‍ പുലയര്‍ എന്നറിയപ്പെടുന്ന കൂട്ടര്‍. പഴശ്ശിസൈന്യത്തില്‍ ഉള്‍പ്പട്ടിരുന്നവരില്‍ ഒരു വിഭാഗം കുറുമ്പാലക്കോട്ടയിലും പഴശ്ശിക്കുവേണ്ടി ഒളിത്താവളമുണ്ടാക്കി. കോട്ടത്തറയില്‍ ഇന്ന് എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഈ കുടുംബാംഗങ്ങള്‍ പഴശ്ശിയുടെ സൈന്യത്തിന്റെ പിന്‍ഗാമികളാണ്. ജീവിതം വളരെ ദുസ്സഹമായിരുന്ന അക്കാലത്ത് കൊടുംതണുപ്പും, വന്യമൃഗങ്ങളുടെ ശല്യവും മൂലം ജനജീവിതം നരകയാതനകള്‍ നിറഞ്ഞതായിരുന്നു. മലമ്പനിയും, പകര്‍ച്ചവ്യാധികളും ബാധിച്ച് ഏറെപേര്‍ മരിച്ചുപോയിട്ടുണ്ട്. പ്രകൃതിക്ഷോഭം ഹേതുവായും ഇവിടുത്തെ കൃഷിക്കും ജീവിതത്തിനും നാശം സംഭവിച്ചിട്ടുണ്ട്. വളരെ മുമ്പുതന്ന തന്ന ഈ ഗ്രാമത്തില്‍ കര്‍ണ്ണാടകക്കാരായ ജൈനമതക്കാര്‍ വെണ്ണിയോട്, കരീങ്കുറ്റി എന്നിവിടങ്ങളില്‍ താമസ്സമുറപ്പിച്ചിരുന്നു. ഈ മതക്കാരുടെ വെണ്ണിയോടുള്ള ശാന്തിനാഥക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പഴശ്ശിയുടെ പോരാട്ടങ്ങള്‍ നടക്കുന്ന കാലഘട്ടത്തില്‍ ഹിന്ദു, മുസ്ളീം വിഭാഗക്കാരുടെ കുടിയേറ്റവും ഉണ്ടായിട്ടുണ്ട്. കുറ്റ്യാടി, പേരാമ്പ്ര, കടത്തനാട്, വടകര, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും മുസ്ളീംങ്ങളും ഹിന്ദുക്കളും ഇവിടേക്ക് കുടിയേറി. 1921-ലെ ബ്രീട്ടിഷ് സെറ്റില്‍മെന്റ് രജിസ്റര്‍ പ്രകാരം ഇവരായിരുന്നു കോട്ടത്തറ ദേശത്തെ ആദ്യകാലഭൂവുടമകള്‍. തുടര്‍ന്നുള്ള കാലത്ത് വയനാട് താലുക്ക് ബോര്‍ഡിന്റെ വകയായി 2 സ്കൂളുകള്‍ ഈ ഗ്രാമത്തില്‍ സ്ഥാപിതമായി. അതാണ് ഇന്നത്തെ ഗവ.യു.പി.സ്ക്കൂള്‍ കോട്ടത്തറയും, ഗവ.എല്‍.പി.സ്ക്കൂള്‍ മടക്കിമലയും. കോട്ടത്തറ ദേശം നിലവില്‍ വന്നതിനുശേഷം തേതമംഗലത്ത് ചന്തുക്കൂട്ടിനായരെന്ന ആളായിരുന്നു ഈ അംശത്തിന്റെ അധികാരി. അക്കാലത്താണ് വെണ്ണിയോട് കേന്ദ്രമായി കോട്ടത്തറ പോസ്റ്റാഫീസ് നിലവില്‍ വന്നത്. 1940 മുതല്‍ ഈ ഗ്രാമത്തിലെ മാടക്കുന്ന്, അരമ്പറ്റക്കുന്ന്, മെച്ചന, കുറുമ്പാലക്കോട്ട, മൈലാടി, പള്ളിക്കുന്ന്, വണ്ടിയാമ്പറ്റ, ചീരാറ്റ എന്നിവിടങ്ങളില്‍ തിരുവിതാംകൂറില്‍ നിന്നും മറ്റും ധാരാളം കുടിയേറ്റക്കാര്‍ വന്നുതാമസമാക്കി. ഇവരുടെ വരവ് ഇവിടുത്തെ ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടാക്കി. കൃഷിമേഖലയില്‍ മാറ്റങ്ങളുണ്ടായി എന്നതിനുപുറമെ കൊടുംകാടുകള്‍ വെട്ടിത്തെളിച്ചു കൃഷിഭൂമികളാക്കി മധുരനാരങ്ങ, മരച്ചീനി, വാറ്റപ്പുല്ല്, മലനെല്ല്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവ വ്യാപകമായി കൃഷിചെയ്തുപോരുകയും ചെയ്തു. അതോടൊപ്പം തന്ന ജന്മികുടിയാന്‍ ബന്ധത്തിലും പ്രശ്നങ്ങള്‍ തലപൊക്കിത്തുടങ്ങി. കുടികിടപ്പവകാശത്തിനും, കൃഷിഭൂമിയില്‍ സ്ഥിരാവകാശത്തിനും വേണ്ടിയുള്ള സമരങ്ങളും മറ്റും അങ്ങിങ്ങായി ഉണ്ടായിക്കൊണ്ടിരുന്നു. കൂട്ടക്കല്‍ സമരം, കിളക്കിമൊട്ടന്‍കുന്ന് പണിയരുടെ സമരം എന്നിവ ഇതിനുദാഹരണങ്ങളായിരുന്നു. അത്തരം സമരങ്ങളുടെ പേരില്‍ പലര്‍ക്കും ജയില്‍വാസം പോലും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. കുറുമ്പാലക്കോട്ടയിലെ നെടുമലയില്‍ ദേവസ്യ, മുഴങ്കാട്ടില്‍ തോമസ് എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു. കോട്ടത്തറ പഞ്ചായത്തില്‍ ആദ്യകാലത്ത് ധാരാളം കന്നുകാലി സമ്പത്ത് ഉണ്ടായിരുന്നു. 1960-കളില്‍ നാണ്യവിളകളും നെല്ലും ഇവിടെ വ്യാപകമാകുന്നതുവരെ കന്നുകാലികളെ തുറസ്സായ സ്ഥലത്ത് അഴിച്ചുവിട്ട് വളര്‍ത്തുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. തരിശുഭൂമി കുറഞ്ഞുവന്നതുകൊണ്ടും കൃഷിഭൂമി തുണ്ടം തുണ്ടമായി വീതിച്ചതുകൊണ്ടും നിയന്ത്രിതമായ തോതിലുള്ള കന്നുകാലി വളര്‍ത്തല്‍ നിലവില്‍ വന്നു. രാത്രികാലങ്ങളില്‍ കന്നുകാലികളെ സംരക്ഷിക്കുന്നതിന് കൌതുകരമായ ഒരു രീതി ഇവിടെയുണ്ടായിരുന്നു. ഇന്ന് താറാവിന്‍കൂട്ടത്തെ വയലില്‍ രാത്രിയില്‍ കൂടാരം കെട്ടി സംരക്ഷിക്കുന്നതുപോലെയായിരുന്നു അത്. അന്നത്തെ രോഗപ്രതിരോധശേഷി കൂടിയ നാടന്‍ ഇനം കന്നുകാലികള്‍ക്കു മാത്രമേ ഈ രീതി അനുയോജ്യമായിരുന്നുള്ളൂ. പ്ടാവ് എന്നായിരുന്നു ഇത്തരം കൂടിന് നാട്ടുകാര്‍ വിളിച്ചിരുന്ന പേര്. ഇങ്ങനെ കൂട്ടുകൂടുന്ന സ്ഥാനം ഇടക്കിടെ മാറ്റുന്നതുകൊണ്ട് കൃഷിക്കാരന്റെ വയല്‍ മുഴുവന്‍ ജൈവാവശിഷ്ടത്താല്‍ ഫലഭൂയിഷ്ഠമാക്കാന്‍ ഈ രീതി സഹായിച്ചിരുന്നു. ചികിത്സാരംഗത്ത് ഇവിടുത്തുകാര്‍ തലമുറകളില്‍ നിന്ന് കൈമാറി വന്ന ഒറ്റമൂലി മരുന്നുകള്‍, നാടന്‍ ചികിത്സാവിധികള്‍ എന്നിവ ഇന്നും പിന്‍തുടര്‍ന്നു പോരുന്നു.


സംസ്ക്കാരിക ചരിത്രം


     കോട്ടത്തറ ഗ്രാമപഞ്ചായത്തിന് സംസ്കാരിക രംഗത്ത് ഉജ്ജ്വലമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു. തനതു കലാരൂപവും ഗോത്രസംസ്കൃതിയും കാത്തുസൂക്ഷിക്കുന്ന ഗിരിവര്‍ഗ്ഗക്കാരാണ് ഇവിടുത്തെ സംസ്ക്കാരത്തിന് അടിസ്ഥാനമിട്ടത്. തിരുവിതാംകൂറില്‍നിന്നുള്ള ക്രിസ്ത്യന്‍, ഹിന്ദു കുടിയേറ്റം, മൈസൂരില്‍ നിന്നുള്ള ജൈനരുടെ കുടിയേറ്റം, സമീപജില്ലകളില്‍ നിന്നുള്ള മുസ്ളിംകുടിയേറ്റം എന്നിവ ഈ ഗ്രാമത്തെ വിഭിന്നസംസ്കാരങ്ങളുടെ സംഗമഭൂമിയാക്കിമാറ്റി. പഞ്ചായത്തിലെ മന്ദലം, വാളല്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഒരുകാലത്ത് സംസ്കാരിക പ്രവര്‍ത്തകരുടെ സംഗമസ്ഥാനമായിരുന്നു. പരിഷ്കാരത്തിന്റെ മലവെള്ളപ്പാച്ചിലില്‍ അന്യം നിന്നുപോയ വെള്ളരി നാടകങ്ങള്‍ക്ക് ഒട്ടേറെ തവണ മന്ദലം വേദിയായിരുന്നത് പഴമക്കാരുടെ മനസ്സിലെങ്കിലുമുണ്ടാകും. വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും ഭാഗമായി തുടങ്ങിയതും പിന്നീട് സമൂഹത്തിന്റെ പൊതുസ്വത്തായി തീര്‍ന്നതുമായ ഒട്ടേറെ ഉത്സവങ്ങളും കലാരൂപങ്ങളും ഉണ്ട്. നീരൂര്‍, അയ്യോത്ത് കാവ്, ആനേരി, കൊക്കോട്ടുകുന്നില്‍ എന്നിവിടങ്ങളിലെ ശിവരാത്രി ആഘോഷം, പ്രതിഷ്ഠാദിനം, തെയ്യം മുതലായവ ഒട്ടേറെ പേരെ ആകര്‍ഷിച്ചുവരുന്നു. ധാരാളം പരമ്പരാഗത ആദിവാസികലകള്‍ ഈ നാട്ടില്‍ പ്രചാരത്തിലുണ്ട്. കുറത്തി നാടകം, മലയന്‍ തിറ, പുത്തരി, കുറിച്യരുടെ നെല്ലുകുത്തുപാട്ട് മുതലായവ അവരുടെ സംസ്കാരത്തെ കുറിച്ചും ജീവിതരീതിയെ കുറിച്ചും അറിവ് തരുന്നു. പണിയര്‍, കുറിച്യര്‍, കുറവര്‍, മലയര്‍ എന്നീ ആദിവാസി വിഭാഗങ്ങള്‍ ഇവിടെയുണ്ട്.